തിരുവനന്തപുരം കാട്ടാക്കട : കാട്ടാക്കട-പൂവച്ചൽ റോഡിൽ കൈതക്കോണത്ത് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതത്തൂണിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.പൊഴിയൂർ സ്വദേശിയും അത്തർ കച്ചവടക്കാരനുമായ അഹമ്മദലിയെ (53) യാണ് പരിക്കുകളോടെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലോടെ ആയിരുന്നു അപകടം. പൂവച്ചലിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചശേഷം റോഡരികിലെ കടയിലെ ബോർഡിൽ ഇടിച്ചുനിന്നു. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിൽനിന്നു അഹമ്മദലിയെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്. ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞ വൈദ്യുതത്തൂൺ മാറ്റിസ്ഥാപിക്കുന്നതുവരെ പ്രദേശത്ത് വൈദ്യുതി മുടങ്ങി.