പൂനെയില്‍ കുന്നിൻ മുകളിലുള്ള ക്ഷേത്രം സന്ദർശിക്കാനായി പോകുകയായിരുന്ന വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.
അപകടത്തില്‍ 29 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം യാത്രക്കാരുമായി പോയ വാഹനം ഉച്ചയ്ക്ക് 1 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച ആഘോഷിക്കാൻ ഖേദ് തെഹ്‌സിലിലെ ശ്രീ ക്ഷേത്ര മഹാദേവ് കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പാപല്‍വാഡി ഗ്രാമത്തില്‍ നിന്നുള്ള ഭക്തർക്കാണ് അപകടത്തില്‍ ജീവൻ നഷ്ടമായത്. പത്തോളം ആംബുലൻസുകള്‍ എത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.
നാടിനെ ഞെട്ടിച്ച ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെ കുടുംബത്തിനും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു
