ഹരിയാനയിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങിമരിച്ചു. ഹരിയാനയിലെ നുഹ് ജില്ലയിലെ ശനിയാഴ്ച സലഹേരി ഗ്രാമത്തിൽ ഉണ്ടായ അപകടത്തിലാണ് അമ്മമാരും മക്കളുമടക്കം നാല് പേർ മുങ്ങിമരിച്ചത്. ഗ്രാമത്തിലെ ആസ് മുഹമ്മദ് എന്ന കർഷകൻ്റെ പാടത്ത് തുണിയലക്കാൻ എത്തിയ ജംഷിദ (38), സഹോദരഭാര്യ മദീന (35) പെൺമക്കളായ സുമയ്യ (10), സോഫിയ (11) എന്നിവർക്കാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ കുളത്തിൽ എത്തിയത്. മുതിർന്ന സ്ത്രീകൾ വസ്ത്രം അലക്കുന്നതിനിടെ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി. കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്തേക്ക് പോവുകയും മുങ്ങിത്താഴുകയുമായിരുന്നു. അമ്മമാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീന്തൽ അറിയില്ലാത്തതിനാൽ ഇവരും മുങ്ങിപ്പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
വൈകുന്നേരത്തോടെയാണ് ഗ്രാമവാസികളുടെ സഹായത്തോടെ ഇവരുടെ മൃതദേഹങ്ങൾ കുളത്തിൽ നിന്നും പുറത്തെടുക്കാനായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
