കൊളംബിയയില്‍ ശക്തമായ ഭൂചലനം; 47 മരണം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു


കൊളംബിയയുടെ പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ ഭൂചലനത്തിൽ 47 പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായത്. തലസ്ഥാനമായ ബൊഗോട്ടയിലും അയൽരാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും പ്രകമ്പനം അനുഭവപ്പെട്ടു.


ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമാർ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് പെരേര, മനിസാലസ്, കലി, ക്വിബ്ഡോ തുടങ്ങിയ നഗരങ്ങൾ കനത്ത നാശനഷ്ടങ്ങളെയാണ് നേരിട്ടത്. പെരേരയിൽ മാത്രം 18 പേരും മനിസാലസിൽ രണ്ടുപേരും വല്ലെ ഡെ കൗക്ക ഡിപ്പാർട്ട്മെന്റിൽ 27 പേരുമാണ് കൊല്ലപ്പെട്ടത്. തകർന്ന കെട്ടിടാവശിഷ്ട‌ങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.


കഴിഞ്ഞ ദശകത്തിനിടയിൽ കൊളംബിയയിൽ രജിസ്‌റ്റർ ചെയ്ത ഏറ്റവും ഉയർന്ന തീവ്രതയേറിയ ഭൂചലനമാണിതെന്ന് കൊളംബിയയുടെ ജിയോളജിക്കൽ സർവീസ് വ്യക്തമാക്കി. ഇതിന് പിന്നാലെ 2.8, 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർചലനങ്ങളും ഉണ്ടായി. മനിസാലസ്, ക്വിബ്ഡോ, അർമേനിയ, കാർട്ടഗോ, ബുയവെന്തുര, പെരേര തുടങ്ങിയ വിമാനത്താവളങ്ങളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

രാജ്യത്ത് ദുരന്തമുണ്ടായതിനെ തുടർന്ന് പ്രസിഡന്റ് അബെലാർഡോ ഡി ലാ എല സാൻ ജോസ് ഡെൽ പാൽമാറിലെ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതായി അറിയിച്ചു. "നിങ്ങൾ ഒറ്റയ്ക്കല്ല, സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടാകും" എന്ന് അദ്ദേഹം വ്യക്ത‌മാക്കി.

Post a Comment

Previous Post Next Post