ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു
45 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പതിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഭകരാപേട്ടില്‍ ഇന്നലെ രാത്രി 11.30നാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനന്തപുര്‍ ജില്ലയിലെ ധര്‍മവരമത്തുനിന്ന് ചിറ്റൂരിലെ നാഗരിയിലേക്ക് പോകുന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലെ സുരക്ഷഭിത്തിയില്‍ ഇടിച്ച് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വെളിച്ചക്കുറവും താഴ്ചയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.
മരിച്ചവരെല്ലാം ആന്ധ്രാ സ്വദേശികളാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് തിരുപ്പതി എസ്.പി പറഞ്ഞു.
