ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു
പാലക്കാട്
മണ്ണാർക്കാട് : പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി വരികയായിരുന്ന താലൂക്കാശുപത്രിയിലെ ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് സംഭവം. സംഭവത്തിൽ ആംബുലൻസിന്റെ മുൻ വശത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർ രാധാകൃഷ്ണൻ (50), പോലീസുകാരൻ സുനിൽ (30) എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരും താലൂക്കാശുപത്രിയിൽ ചികിത്സതേടി.
ആനമൂളിയിൽ വനത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്ന ആദിവാസിയുവാവ് ഉരുളൻകുന്ന് പാലവളവ് ഊരിലെ കക്കി-നീലി ദമ്പതിമാരുടെ മകൻ ബാലന്റെ (37) മൃതദേഹം ജില്ലാശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് മരക്കൊമ്പ് പൊട്ടിവീണത്.