കാർഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ സ്കൂൾ ബസ്സിനടിയിലേക്ക് ഇടിച്ച് കയറി രണ്ട് സ്ത്രീകൾക്ക് പരിക്ക്



കൊട്ടാരക്കര: റെയില്‍വേ സ്റ്റേഷന്‍ കവലയ്ക്ക് സമീപം കാര്‍ സ്കൂട്ടറിലിടിച്ചു, നിയന്ത്രണംവിട്ട സ്കൂട്ടര്‍ സ്കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി, രണ്ട് വനിതകള്‍ക്ക് പരിക്കേറ്റു.

കൊട്ടാരക്കര സപ്ളൈകോ ഡിപ്പോയിലെ ജീവനക്കാരായ സുജ, സിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം. കൊല്ലം- തിരുമംഗലം ദേശീയ പാതയില്‍ നിന്നു് നീലേശ്വരത്തേക്ക് തിരിയുന്ന ഭാഗത്താണ് സംഭവം.

ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിനിയും സുജയും. പിന്നാലെ വന്ന കാര്‍ ഇവരുടെ സ്കൂട്ടറിന് പിന്നില്‍ ശക്തിയായി ഇടിച്ചു. സ്കൂട്ടര്‍ തൊട്ടുമുന്നില്‍ പോയ സ്കൂള്‍ ബസിന്റെ പിന്നിലേക്കിടിച്ച്‌ അടിഭാഗത്തേക്ക് കുടുങ്ങി. സ്കൂട്ടറിലുള്ളവര്‍ റോഡിലേക്ക് വീണുവെങ്കിലും സാരമായി പരിക്കേറ്റില്ല. സ്ഥലത്ത് വലിയ തോതില്‍ ഗതാഗത കുരുക്ക് ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് ബസിന്റെ അടിയില്‍ നിന്നും സ്കൂട്ടര്‍ പുറത്തെടുത്ത് ഗതാഗത തടസം മാറ്റിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post