ഇടുക്കി : ജില്ലയില്‍ വൈദ്യുതി അപകടം ആറ് മാസത്തിനിടെ ഏഴ് ജീവനുകളാണ് ജില്ലയില്‍ വൈദ്യുതാഘാതമേറ്റത് ഇല്ലാതായത്.


 തൊടുപുഴ: ജില്ലയില്‍ വൈദ്യുതി അപകടം ഭീതിജനകമാംവിധം വര്‍ദ്ധിക്കുന്നു. ആറ് മാസത്തിനിടെ ഏഴ് ജീവനുകളാണ് ജില്ലയില്‍ വൈദ്യുതാഘാതമേറ്റത് ഇല്ലാതായത്.

ഒരു വര്‍ഷത്തിനിടെ 11 പേരും. ഇതില്‍ 10 പേരും സാധാരണക്കാരാണ്. ആറോളം പേര്‍ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും വൈദ്യുതി അപകടത്തിന് ഇരയാകുന്നുണ്ട്. ആറ് മാസത്തിനിടെയുണ്ടായ മരണങ്ങളില്‍ രണ്ടെണ്ണവും ഇരുമ്ബ് തോട്ടിയുടെ അശ്രദ്ധമായ ഉപയോഗം മൂലം സംഭവിച്ചതാണ്. വൈദ്യുതി ലൈനുകള്‍ക്കു സമീപമുള്ള ഫലവൃക്ഷങ്ങളില്‍ നിന്നു ലോഹത്തോട്ടികള്‍ ഉപയോഗിച്ചു ചക്ക, മാങ്ങ, അടക്ക, തേങ്ങ മുതലായവ പറിക്കാന്‍ ശ്രമിക്കരുതെന്നു പലതവണ വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇത്തരം അപകടങ്ങള്‍ കുറയുന്നില്ല. മരത്തിനടുത്തുകൂടി വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത് കണ്ടാലും സുരക്ഷിതമായി കായ്ഫലങ്ങള്‍ പറിക്കാനാകും എന്ന് കരുതി ശ്രമിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും. തുടക്കത്തില്‍ ശ്രദ്ധയോടെയാണ് കായ പറിക്കുന്നതെങ്കിലും അധികശക്തി തോട്ടിയില്‍ പ്രയോഗിച്ച്‌ കായ്ഫലങ്ങള്‍ പറിച്ചയുടെ തോട്ടി ആടുകയും ലൈനില്‍ തട്ടുകയും ചെയ്താണ് അപകടങ്ങള്‍ ഉണ്ടായതിലധികവും. കൂടാതെ ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരം മുറിക്കുന്നതിനിടയിലും, കുരുമുളക് പറിക്കുന്ന വേളയിലും ഇരുമ്ബ് ഏണി തട്ടി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. എത്ര ശ്രദ്ധയോടെ ഉപയോഗിച്ചാലും ലോഹത്തോട്ടികള്‍ ലൈനില്‍ വീഴാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതാഘാതമുണ്ടാകുന്നതിന് ലൈനുമായി നേരിട്ട് സമ്ബര്‍ക്കം വരണമെന്നില്ല. ലൈനിന് അടുത്ത് ലോഹ വസ്തുക്കള്‍ എത്തിയാല്‍ വൈദ്യുതാഘര്‍ഷണം മൂലം വൈദ്യുതി പ്രവഹിച്ച്‌ ഷോക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും ടൈല്‍,​ വെല്‍ഡിംഗ് വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേയ്ക്ക് കണക്‌ട് ചെയ്യുന്ന വയറുകളുടെയും, ഇതിനായി ഉപയോഗിക്കുന്ന എക്സ്‌റ്റന്‍ഷന്‍ ബോര്‍ഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.


വൈദ്യുത സുരക്ഷാ വാരം ഇന്ന് മുതല്‍


വൈദ്യുതി അപകടങ്ങള്‍ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഒരാഴ്ച വൈദ്യുത സുരക്ഷാ വാരമായി ജില്ലയില്‍ ആചരിക്കും. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും വൈദ്യുത ബോര്‍ഡും സംയുക്തമായി ജൂലായ് രണ്ട് വരെയാണ് വൈദ്യുത സുരക്ഷാ വാരാചരണം സംഘടിപ്പിക്കുന്നത്. 'വൈദ്യുത സുരക്ഷാ നടപടികള്‍ പാലിക്കുക, അപകടം ഒഴിവാക്കുക' എന്ന സന്ദേശം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മൈക്ക് അനൗണ്‍സ്‌മെന്റ്, സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ വാരാചരണത്തിന്റെ ഭാഗമായി നടത്തുമെന്ന് ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ് ബാബു പറഞ്ഞു.

Post a Comment

Previous Post Next Post