തുറവൂര്‍: വ്യത്യസ്ത അപകടങ്ങളില്‍ മൂന്ന് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. അന്ധകാരനഴിയിലും ചെല്ലാനത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്.
അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ എഴുപുന്ന പഞ്ചായത്ത് 11ാം വാര്‍ഡ് എരമല്ലൂര്‍ പാണാപറമ്ബ് പരേതനായ ശിവശങ്കരന്‍റെ മകന്‍ ആനന്ദ് (21), ചങ്ങനാശ്ശേരി മാമൂട് പാലമറ്റം അമ്ബാടി വീട്ടില്‍ വിനയചന്ദ്രന്‍റെ മകന്‍ അമ്ബാടി (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. തുറവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇവരുള്‍പ്പെടെയുള്ള നാലംഗസംഘത്തില്‍ മൂന്ന് പേര്‍ കടലില്‍ കുളിക്കുകയും ഒരാള്‍ കരയില്‍ ഇരിക്കുകയുമായിരുന്നു. മൂന്ന് പേര്‍ തിരയില്‍പെടുകയുമായിരുന്നു. മൂന്ന് പേരെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചെല്ലാനം ഹാര്‍ബറിലുണ്ടായ അപകടത്തിലാണ് മറ്റൊരു യുവാവ് മരിച്ചത്. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുണ്ടുപറമ്ബില്‍ സുരേഷ് കുമാറിന്‍റെ മകന്‍ ആശിഷാണ് (18) മരിച്ചത്. ഇവിടെ മൂന്നംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. മൂന്നുപേരും അപകടത്തില്‍ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മൂവരെയും കരയില്‍ എത്തിച്ചെങ്കിലും ആശിഷ് മരിച്ചു. മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടങ്ങളില്‍ മരിച്ച മൂന്നുപേരുടെയും മൃതദേഹം തുറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
കുറച്ചുദിവസങ്ങളായി ഹാര്‍ബര്‍ പൊലീസ് ആലപ്പുഴ മുതല്‍ ഫോര്‍ട്ട്കൊച്ചിവരെ കടല്‍ പ്രക്ഷുബ്ധം ആണെന്നും സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് യുവാക്കള്‍ കടലില്‍ ഇറങ്ങിയത്. ഇരു സംഭവത്തിലും പൊലീസ് കേസെടുത്തു. മരിച്ച ആനന്ദിന്‍റെ മാതാവ് ശോഭ. ഏക സഹോദരി അശ്വതി.
.jpeg)