കോഴിക്കോട് വടകര തിരുവള്ളൂര്‍ കുനിവയലില്‍ ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്തു. മലോല്‍ കൃഷ്ണന്‍ (72) ആണ് ഭാര്യ കരിമ്ബാലക്കണ്ടി നാരായണിയെ (64) കൊന്ന ശേഷം ജീവനൊടുക്കിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് നാരായണിയെ കിടപ്പുമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയിലും കൃഷ്ണനെ അടുക്കള ഭാഗത്തെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടത്.
മകന്‍ കാര്‍ത്തികേയന്റെ കൂടെയാണ് ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാഴ്ച മകനും ഭാര്യയും പുറത്തുപോയി വൈകീട്ട് ആറരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. നാരായണി കുറച്ചു നാളായി മറവിരോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യയുടെ രോഗാവസ്ഥയുടെ മനഃപ്രയാസമായിരിക്കാം കൃത്യത്തിന് കാരണമെന്ന് കരുതുന്നു. വടകര ഡിവൈ.എസ്.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. മറ്റു മക്കള്‍: കല, കവിത. മരുമക്കള്‍: സിന്ധു, ഷിജു, അശോകന്‍.
മാസങ്ങള്‍ക്കു മുമ്ബ് തിരുവള്ളൂര്‍ കാഞ്ഞിരാട്ട് തറയിലും ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 68കാരന്‍ ആത്മഹത്യ ചെയ്തിരുന്നു.
