തൃശൂരിൽ മത്സരയോട്ടം നടത്തിയ ആഢംബര കാറുകളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കേറ്റു. രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ച് കയറി അപകടമുണ്ടായത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാരുടെ ആരോപണം. കാറുകളിലൊന്ന് നിർത്താതെ പോയി. രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.