മലപ്പുറം: മലപ്പുറം പറപ്പൂരിൽ അമ്മയും രണ്ടു മക്കളും കുളത്തിൽ മുങ്ങി മരിച്ചു. വീണാലുങ്ങൽ സ്വദേശി സൈനബയും (50) മക്കളായ ഫാത്തിമ ഫർസീല (16), ആഷിഖ് (22) എന്നിവരുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.15 ഒടെയാണ് വീടിനു സമീപത്തെ പാടത്തുള്ള കുളത്തില്‍ വസ്ത്രം അലക്കാനും കുളിക്കാനുമായി മൂന്നുപേരും ഇറങ്ങിയത്.
വൈകീട്ട് നാലരയോടെ സമീപത്തെ വഴിയിലൂടെ പോയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഫര്‍സീലയെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതു പ്രകാരം കുളത്തില്‍ നടത്തിയ പരിശോധനയില്‍ സൈനബയുടേയും മകൻ ആഷിഖിന്‍റേയും മൃതദേഹം കൂടി കണ്ടെടുത്തു. വേങ്ങര പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
