കൊല്ലം ചവറ നിയന്ത്രണം വിട്ട കാര്‍ മറ്റ് മൂന്നു കാറുകളിലിടിച്ചു 5 പേര്‍ക്ക് പരുക്കേറ്റു. വാഹനങ്ങളില്‍ ഉണ്ടായിരുന്ന പന്മന കളരി തണ്ടാ മറയത്ത് ചന്ദ്രമതി (65), മക്കളായ ചന്ദ്രമതി (65), ആനന്ദവല്ലി (62), ഇവരുടെ ബന്ധു പന്മന കളരി ശ്രീഭവനില്‍ പത്മകുമാര്‍ (52), തിരുവനന്തപുരം മെഡിക്കല്‍കോളജ് സ്വദേശി എസ്.ആര്‍.മോഹനന്‍ (62) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഒരു കാറില്‍ സഞ്ചരിച്ചിരുന്ന ഒരു വയസ്സുള്ള കുട്ടി വാഹനത്തില്‍ തെറിച്ച് വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു ദേശീയപാതയില്‍ പന്മന പോരൂക്കര ജംക്‌ഷനിലായിരുന്നു അപകടം.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ മുന്നില്‍ പോയ കാറിലിടിച്ചു ശേഷം എതിര്‍ വശത്തേക്ക് നിയന്ത്രണം വിട്ടു കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റ് കാറുകളിലിടിക്കുകയായിരുന്നു. ചവറ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സിലും ഫയര്‍ എന്‍ജിനിലുമാണ് പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
വാഹനം കിട്ടാത്തതിനെത്തുടര്‍ന്നാണ് ഫയര്‍എന്‍ജിന്‍ വാഹനത്തില്‍ പരുക്കേറ്റവരെ കയറ്റേണ്ടി വന്നതെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. അസി.സ്റ്റേഷന്‍ ഓഫിസര്‍ വാലന്റൈനിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ദേശീയപാതയില്‍ 15 മിനിറ്റോളം ഗതാഗതവും തടസ്സപ്പെട്ടു.
