കൂറ്റനാട് ബസ് സ്റ്റാന്‍ഡിനുസമീപം വഴിതെറ്റി വന്ന കാറില്‍ രണ്ട് ബൈക്കുകളിടിച്ചു. ബുള്ളറ്റിലുണ്ടായിരുന്ന വല്ലപ്പുഴ സ്വദേശി അബ്ദുള്‍ ലത്തീഫ്(30)നെ ഗുരുതര പരിക്കോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാല്‍പ്പാദം അറ്റുപോയ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മലപ്പുറം സ്വദേശികളെ കൊച്ചി വിമാനത്താവളത്തില്‍ ഇറക്കിയശേഷം ഗൂഗിള്‍മാപ്പ് നോക്കി തിരികെ മലപ്പുറത്തേക്കുപോയ കാര്‍ പെരുമ്ബിലാവില്‍നിന്ന് റൂട്ട് മാറി ചാലിശേരി---കൂറ്റനാട് സംസ്ഥാന പാതയിലെത്തി. കൂറ്റനാട് ബസ്‌സ്റ്റാന്‍ഡ് കഴിഞ്ഞപ്പോള്‍ വഴിതെറ്റിയതായി സംശയംതോന്നിയ ഡ്രൈവര്‍ മറ്റ് വാഹനയാത്രക്കാരോട് വഴിചോദിച്ചറിഞ്ഞ് യാത്ര തുടര്‍ന്നു.
കൂറ്റനാട് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ എത്തിയപ്പോള്‍ ഗൂഗിള്‍ മാപ്പില്‍ സ്റ്റാന്‍ഡിനടുത്തുള്ള ചെറിയ വഴിയിലേക്ക് തിരിയാന്‍ നിര്‍ദേശം ലഭിച്ചു. വാഹനം പെട്ടെന്ന് തിരിക്കാന്‍ ശ്രമിച്ചതും എതിരെവന്ന ബുള്ളറ്റിലും സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച പെരിന്തല്‍മണ്ണ സ്വദേശി വൈശാഖ്(24)നെ കൂറ്റനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിന് കാര്യമായി പരിക്കില്ല. ടാക്‌സിയിലുണ്ടായിരുന്ന കോഴിക്കോട് നല്ലളം സ്വദേശിയായ ഡ്രൈവര്‍ നൗഫലും(37) മറ്റ് രണ്ടുപേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. കാറും ബുള്ളറ്റും ഭാഗികമായി തകര്‍ന്നു. എഎസ്‌ഐ കെ ജോണ്‍സന്റെ നേതൃത്വത്തില്‍ ചാലിശേരി പൊലീസ് സ്ഥലത്തെത്തി.
