തലശ്ശേരി: നിയന്ത്രണം വിട്ടോടിയ കാറിടിച്ച് ബൈക്ക് യാത്രികനായ ഹോം ഗാര്‍ഡിന് സാരമായി പരിക്കേറ്റു. ധര്‍മടം പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ചെറുമാവിലായി സ്വദേശി പടിഞ്ഞാറെ വളപ്പില്‍ പ്രകാശ് ബാബുവിനാണ് (61) പരിക്കേറ്റത്.
ഇടതുകാലിന്റെ തുടയെല്ല് തകര്‍ന്ന ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ച രണ്ടരയോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെ പാലയാട് എസ്റ്റേറ്റിനടുത്ത ചെങ്കൊടിക്കണ്ണന്‍ സ്മാരക വായനശാലക്കുസമീപം അമിതവേഗതയില്‍ ദിശതെറ്റിയെത്തിയ 'ടാറ്റ പഞ്ച്' കാറിടിക്കുകയായിരുന്നു. ബൈക്കിടിച്ച് തെറിപ്പിച്ച കാര്‍ റോഡരികിലെ വൈദ്യുതിത്തൂണും വീട്ടുമതിലും തകര്‍ത്തു.
ഇടിയുടെ ആഘാതത്തില്‍ വൈദ്യുതിത്തൂണ്‍ മുറിഞ്ഞു കമ്ബികള്‍ പൊട്ടിവീണു. തത്സമയം വൈദ്യുതി നിലച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാറിലുണ്ടായവര്‍ക്കും നിസ്സാര പരിക്കേറ്റതായി വിവരമുണ്ട്. ധര്‍മടം പൊലീസ് സ്ഥലത്തെത്തി. അപകടത്തെത്തുടര്‍ന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു.
