കോട്ടയം: ഏറ്റുമാനൂര്‍ - പാലാ റൂട്ടില്‍ കിസ്മത്ത് പടിയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് യുവതി മരിച്ചു.
ഈരാറ്റുപേട്ട അരുവിത്തുറ ഊഴേടത്തില്‍ ഫൗസിയയാണ് (39) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവര്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ കണിയാംകുന്നേല്‍ മുഹമ്മദ് സാലി (57), കാര്‍ ഡ്രൈവര്‍ പാലാ സ്വദേശി ഷെറിന്‍(30) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മരിച്ച ഫൗസിയയുടെ മൃതദേഹം കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രി മോര്‍ച്ചറിയില്‍.
ഈരാറ്റുപേട്ടയില്‍ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു വരികയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം ഏറ്റുമാനൂര്‍ ഭാഗത്തു നിന്നും എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോയുടെ പിന്‍ സീറ്റിലിരുന്ന ഫൗസിയയെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കിടങ്ങൂര്‍ എല്‍എല്‍എം ആശുപത്രിയിലേയ്ക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു.
