കണ്ണൂക്കര : കണ്ണൂക്കരയില്‍ വൈദ്യുതപോസ്റ്റിലും, ബസിലുമിടിച്ച് കാര്‍തകര്‍ന്നു. ദേശീയ പാതയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെറ്റ കാറാണ് അപകടത്തില്‍പ്പെട്ടത്.
എതിര്‍ഭാഗത്ത് നിന്നും അപകടകരമായ രീതിയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുവന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ഇടത്തോട്ട് വെട്ടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച് വട്ടം കറങ്ങി എതിരെ പോവുന്ന ബസിലിടിക്കുകയായിരുന്നു.
പയ്യന്നൂരില്‍ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പോവുന്ന മാധവി ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ബസിലാണ് കാറിടിച്ചത്. കാറില്‍ രണ്ട് യാത്രക്കാരും , ബസില്‍ 15 യാത്രക്കാരുമാണുണ്ടായത്. ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് വൈദ്യുതപോസ്റ്റ് തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായി റോഡ് ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.
