മലപ്പുറം കോട്ടയ്ക്കൽ: ദേശീയപാത 66 പുത്തനത്താണി ചുങ്കത്തിനു സമീപം ഓവർടേക്ക് ചെയ്തെത്തിയ കാറിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം.തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. കോട്ടയ്ക്കലിൽ നിന്നും വളാഞ്ചേരിയിലേയ്ക്ക് പോയിക്കൊണ്ടിരുന്ന ഓട്ടോയെ, അതേ ദിശയിൽ സഞ്ചരിച്ച കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിമുട്ടി ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന എടരിക്കോട് മൂച്ചിക്കൽ സ്വദേശിയ്ക്ക് കാലിന് പരുക്കേറ്റു. ഇദ്ദേഹത്തെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ഓട്ടോയ്ക്കടിയിൽ കാൽ കുടുങ്ങുകയായിരുന്നു. ഓട്ടോയിൽ നാലു പേരാണ് ഉണ്ടായിരുന്നത്. ഇവർ വളാഞ്ചേരിയിലെ ജോലി സ്ഥലത്തേയ്ക്ക് പോവുന്നതിനിടെയായിരുന്നു സംഭവം.
