വരന്‍ അടക്കുള്ളവര്‍ സഞ്ചരിച്ച ട്രാക്‌ടര്‍ മറിഞ്ഞു; ആറ് പേര്‍ മരിച്ചു; വിവാഹം തടസപ്പെട്ടു



ചിറ്റൂര്‍(ആന്ധ്രാപ്രദേശ്): വിവാഹ തലേന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ വരനടക്കമുള്ളവര്‍ സഞ്ചരിച്ച ട്രാക്‌ടര്‍ മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുതലപ്പട്ടു മണ്ഡലത്തിലെ ലക്ഷ്‌മിയൂരില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 പേരെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ജെട്ടിപ്പാലെ സ്വദേശികളായ ഹേമന്ത് കുമാര്‍ ഭുവനേശ്വരി എന്നിവരുടെ വിവാഹമാണ് ഇന്ന് പുലര്‍ച്ചെ നടക്കാനിരുന്നത്. വിവാഹത്തിന്‍റെ തലേദിവസമുള്ള പാര്‍ട്ടി കഴിഞ്ഞ് വരനും കൂട്ടരും മടങ്ങവെ വധുവിന്‍റെ വീടിന് സമീപമുള്ള പ്രദേശത്ത് വച്ചായിരുന്നു അപകടമുണ്ടായത്. വലിയ കുന്നിറങ്ങുന്ന സമയത്ത് ഇന്ധനം ലാഭിക്കാന്‍ ട്രാക്‌ടര്‍ ഡ്രൈവര്‍ സുരേന്ദ്രര്‍ റെഡ്ഡി വണ്ടിയുടെ എന്‍ജിന്‍ ഓഫ് ആക്കിയിരുന്നു.

അമിത വേഗത്തില്‍ കുന്നിറങ്ങിയ വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് അഞ്ചടി താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞാണ് അപകടം. ഇതേ തുടര്‍ന്ന് ട്രാക്‌ടറിന്‍റെ പിന്നിലെ ട്രോളിയില്‍ ഇരുന്ന് സഞ്ചരിച്ചിരുന്നവര്‍ ഒന്നിനു പിറകെ ഒന്നായി മറിഞ്ഞു വീഴുവാന്‍ തുടങ്ങി. തുടര്‍ന്ന് ശ്വാസം തടസം നേരിട്ടതിനാല്‍ ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ വച്ച്‌ മരിക്കുകയായിരുന്നു. 


ട്രാക്‌ടര്‍ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളും മൂന്ന് സ്‌ത്രീകളടക്കമുള്ളവരാണ് മരിച്ചത്. അപകട വിവരമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ ഇവരെ വെല്ലൂര്‍ ആശുപത്രിയിലേയ്‌ക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജില്ല കലക്‌ടര്‍, സ്ഥലം എസ്‌പി തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ തന്നെ ഇവര്‍ക്ക് നല്‍കുമെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പ് നല്‍കി. അപകടത്തെതുടര്‍ന്ന് നടക്കാനിരുന്ന വിവാഹം നിര്‍ത്തിവെച്ചു.

Post a Comment

Previous Post Next Post