ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക് .




 കൊല്ലം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കൊല്ലം ജില്ലയിലെ കടയ്ക്കലിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. കടയ്ക്കല്‍ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ്(70) മരിച്ചത്. ചെന്നിലം സ്വദേശിനികളായ സുഗന്ധി (65) ശോഭി (45) ഓട്ടോറിക്ഷ ഡ്രൈവറായ മേലേപന്തളം മുക്ക് സ്വദേശിയായ രതീഷ് എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


പന്തളംമുക്കില്‍ വിവാഹ സല്‍കാരത്തില്‍ പോയി മടങ്ങിവരവെ ചെന്നിലത്തിന് സമീപം ഇറക്കത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി പത്തടി താഴ്ചയിലുള്ള വീടിനു മുന്നിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഭിത്തിയിലിടിച്ച്‌ ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു

.ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേയ്ക്കും ശിവാനന്ദന്‍ മരണപ്പെട്ടിരുന്നു. ഇറക്കത്തിലെ കൊടും വളവാണ് ഓട്ടോറിക്ഷ മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post