മലപ്പുറം എടക്കര: ഗൂഢല്ലൂരിനടുത്ത് ദേവര്‍ഷോല റോഡില്‍ മീനാക്ഷിയില്‍ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
സഹയാത്രികനു പരിക്കേറ്റു. വഴിക്കടവ് പുളിക്കലങ്ങാടി ചെറുവത്തൂര്‍ മൊയ്തീന്‍ മായിന്‍റെ മകന്‍ മുഹമ്മദ് ജാബിര്‍ (23) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന വണ്ടൂര്‍ പള്ളിക്കുന്ന് പറയന്‍തൊടിക ഷഹന്‍ഷക്കാണ് (22) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഷഹന്‍ഷയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. ഗൂഢല്ലൂരില്‍ ഷെയര്‍ മാര്‍ക്കറ്റ് ജോലി ചെയ്യുന്നവരാണ് ഇരുവരും. രാത്രി 12.30 ന് തുടങ്ങുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കഴിഞ്ഞു റൂമിലേക്കു മടങ്ങുന്പോഴാണ് അപകടം. വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തേയില തോട്ടത്തിലേക്കു മറിയുന്നതിനിടെ മരത്തിലിടിച്ച് മുഹമ്മദ് ജാബിറിന് ഗുരുതര പരിക്കേറ്റു. ഗൂഢല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഗൂഢല്ലൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. മാതാവ്: മറിയ. ഖമറുന്നിസ, നജ്മുന്നിസ, ഷാക്കിറ എന്നിവര്‍ സഹോദരങ്ങളാണ്.