തൊടുപുഴ: റോഡ് അറ്റകുറ്റപ്പണിക്കുവേണ്ടി വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊതുമരാമത്ത് അധികൃതര്‍ റോഡിനു കുറുകെ കെട്ടിയ പ്ലാസ്‌റ്റിക് വള്ളി കഴുത്തില്‍ചുറ്റി സ്‌കൂട്ടര്‍യാത്രികര്‍ക്ക് പരുക്ക്
തെക്കുംഭാഗം സ്വദേശി കളപ്പുരയ്‌ക്കല്‍ ജോണി ജോര്‍ജിനും ഭാര്യയ്‌ക്കുമാണ് പരുക്കേറ്റത്.
ജോണിക്ക് കഴുത്തിലാണ് മുറിവേറ്റത്. ആശുപത്രിയില്‍ മരുന്നുവാങ്ങാന്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ തൊടുപുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കഴുത്തില്‍ വള്ളി കുരുങ്ങിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് ഇരുവരും റോഡില്‍ വീഴുകയും ചെയ്‌തു. കഴുത്തില്‍ സാരമായ മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്‌ച കാരിക്കോട് കോട്ടപാലത്തിനു സമീപം ടൈല്‍ ഇടുന്നതിന്റെ ഭാഗമായി കീരികോട് കുരിശുപള്ളിക്ക് സമീപം പ്ലാസ്‌റ്റിക് വള്ളി കെട്ടിയാണ് ഗതാഗതം തിരിച്ചുവിട്ടത്. റോഡിന് കുറുകെ വലിച്ച് കെട്ടിയ പ്ലാസ്‌റ്റിക് വള്ളി വാഹനത്തില്‍ വരുന്നവര്‍ക്ക് കാണാന്‍ പാകത്തിനു യാതൊരു അടയാളവും വച്ചിരുന്നില്ലെന്ന് ജോണി പറഞ്ഞു.
ഇതാണ് അപകടത്തിന് ഇടയാക്കിയത്. പരുക്കേറ്റ കാര്യം റോഡ് പണിക്ക് മേല്‍നോട്ടം വഹിച്ച പൊതുമരാമത്ത് ഉദ്യോഗസ്‌ഥയെ അറിയിച്ചു.
അപ്പോള്‍ കണ്ണുകാണാന്‍ പാടില്ലായിരുന്നോ എന്ന് ചോദിച്ച് പരാതി അവഗണിക്കുകയായിരുന്നു ഉദ്യോഗസ്‌ഥ ചെയ്‌തതെന്ന് ജോണി പറഞ്ഞു. പരുക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയാണെന്നും അടുത്തദിവസം തൊടുപുഴ പോലീസില്‍ പരാതി നല്‍കുമെന്നും ജോണി സൂചിപ്പിച്ചു.
