ആലപ്പുഴയില്‍ വാഹനാപകടം: കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു
ആലപ്പുഴ  അമ്ബലപ്പുഴ ദേശീയപാതയില്‍ കാക്കാഴം മേല്‍പ്പാലത്തിന് താഴെ കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ അ‍ഞ്ച് പേര്‍ മരിച്ചു.

30 വയസ്സിന് താഴെയുള്ള യുവാക്കളാണ് മരിച്ചവരെല്ലാം. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആര്‍ ഒ കാന്റീനിലെ ജീവനക്കാരാണ്.


തിങ്കളാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു അപകടം. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് നിഗമനം

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു അഞ്ച് പേരുമെന്നാണ് സൂചന.


ആന്ധ്രാപ്രദേശില്‍ നിന്ന് ചരക്കുമായി ആലപ്പുഴയിലേക്ക് വരുകയായിരുന്നു ലോറി. ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സ്ഥിരം അപകടമേഖലയായതിനാല്‍ മഞ്ഞ സിഗ്സാഗ് വരകളുള്ളയിടത്താണ് അപകടം. വാഹനങ്ങളുടെ വേഗത കുറക്കാനാണ് ഈ മഞ്ഞ വരകള്‍. അതേസമയം, ഇവിടെ വെളിച്ചമില്ലാത്തതും റോഡില്‍ കുഴികളുള്ളതും അപകടത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു.

Post a Comment

Previous Post Next Post