എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കേണ്ട; ജീവന്‍ രക്ഷിക്കാന്‍ സിപിആര്‍ കൊടുക്കാം ഇങ്ങനെ..

 പെട്ടെന്നൊരാള്‍ നമ്മുടെ മുന്നില്‍ കുഴഞ്ഞുവീണാല്‍ എന്തുചെയ്യും? ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും വൈകിപ്പോയിട്ടുണ്ടെങ്കിലോ?

എന്തുചെയ്യണമെന്ന് അറിയാതെ പകച്ച്‌ നില്‍ക്കേണ്ട കാര്യമില്ല. പെട്ടെന്ന് തന്നെ നല്‍കാവുന്ന പ്രാഥമിക ശുശ്രൂഷ നമ്മുടെ കയ്യില്‍ തന്നെയുണ്ട്. കുഴഞ്ഞുവീണുണ്ടാകുന്ന മരണങ്ങള്‍ സ്ഥിരം വാര്‍ത്തയാണ് ഇപ്പോള്‍. ഒരാള്‍ കുഴഞ്ഞുവീണാല്‍ നല്‍കാവുന്ന ജീവന്‍രക്ഷാ വിദ്യയാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍.


സിനിമകളിലും മറ്റും കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകുമെങ്കിലും എങ്ങനെയാണ് സിപിആര്‍ കൊടുക്കേണ്ടത് എന്നതിനെ പറ്റി കൃത്യമായ ധാരണ പലര്‍ക്കുമില്ല. കുഴഞ്ഞുവീണയാളുടെ ഹൃദയം നിലച്ചുവെന്ന് തോന്നിയാല്‍ അടിയന്തരമായി നല്‍കാവുന്ന ശുശ്രൂഷ കൂടിയാണിത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം, ശ്വസനം, ബോധം എന്നിവ അപ്രതീക്ഷിതമായി നഷ്ടപ്പെടുന്നതാണ് ഹൃദയസ്തംഭനം. ഹൃദയമിടിപ്പ് പെട്ടെന്ന്

നില്‍ക്കുന്നതാണ് ഈ അവസ്ഥ. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മരണം സംഭവിക്കാന്‍ ഇടയാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് സിപിആറിന്റെ പ്രാധാന്യം.


തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം തിരികെയെത്തിക്കാന്‍ സിപിആര്‍ മുഖേന സാധിക്കും. കൈ കൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നതാണ് രീതി. എന്നാല്‍, വെറുതേ ചെയ്യേണ്ടതും അത്ര ലാഘവത്തോടെ കൈകാര്യം ചെയ്യണ്ടതുമല്ല ഈ പ്രക്രിയ. ഇതൊരു മുഴുവന്‍ സമയ പ്രക്രിയയാണ്. ഇടക്ക് വെച്ച്‌ നിര്‍ത്താന്‍ പാടില്ല. ഇത് സംബന്ധിച്ച്‌ അറിയേണ്ട ചില പ്രധാന കാരണങ്ങളുണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം:-


എങ്ങനെയാണ് സിപിആര്‍ നല്‍കേണ്ടത്?


ഒരാള്‍ കുഴഞ്ഞുവീഴുന്നത് കണ്ടാല്‍ ഉടന്‍ തന്നെ ആളുടെ ഹൃദയമിടിപ്പും നാഡിയിടിപ്പും പരിശോധിക്കണം. കഴുത്തിന് പിന്നിലുള്ള നാഡിയിടിപ്പ് പരിശോധിക്കുന്നതാണ് നല്ലത്. ഹൃദയത്തിന് ഏറ്റവും അടുത്ത ഭാഗമായതിനാല്‍ ശരിക്കും അബോധാവസ്ഥയിലാണോ എന്നും ശ്വസനത്തിന്റെ അളവും കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ഈ വിലയിരുത്തലിന് പത്ത് സെക്കന്‍ഡ് സമയം പോലും എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. വയറിന്റെ ചലനവും ഹൃദയമിടിപ്പും നിലച്ചുവെന്ന് മനസ്സിലായാല്‍ ഒട്ടും സമയം കളയാതെ സിപിആര്‍ നല്‍കണം.

ഹൃദയസ്തംഭനം സംഭവിച്ചയാളുടെ ജീവന്‍ ചികിത്സ കിട്ടുന്നത് വരെ താങ്ങി നിര്‍ത്തുക എന്ന ധര്‍മമാണ് സിപിആറിനുള്ളത്. മിനിറ്റില്‍ 100-120 തവണ എന്ന കണക്കിലാകണം നെഞ്ചില്‍ ശക്തമായി അമര്‍ത്തേണ്ടത്. ഒരു കാരണവശാലും ഇത് പകുതിക്ക് വെച്ച്‌ നിര്‍ത്തരുത്. ഹൃദയമിടിപ്പ് ലഭിക്കുന്നത് വരെ തുടരണം.


ശ്രദ്ധിക്കണം..


ഒരാള്‍ കുഴഞ്ഞുവീണു കിടക്കുമ്ബോള്‍ തലയില്‍ പിടിച്ച്‌ ഉയര്‍ത്താനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തും. രോഗിയുടെ ബിപി ഇതിനകം കുറവായിരിക്കും. അതിനാല്‍, അവരെ തലയുടെ ഭാഗത്ത് പിടിച്ച്‌ ഉയര്‍ത്തുന്നതിലൂടെ രക്തപ്രവാഹം കുറയുകയാണുണ്ടാകുന്നത്. ഇതിന് പകരം ആദ്യം കാല്‍ ഉയര്‍ത്താന്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ രക്തം തലച്ചോറിലേക്ക് എത്താന്‍ സഹായിക്കും.


രോഗി ഉറപ്പുള്ള സമമായ ഒരു സ്ഥലത്ത് നിവര്‍ന്ന് തന്നെയാണ് കിടക്കുന്നതെന്ന് ഉറപ്പാക്കുക. തല ഒരു ഭാഗത്തേക്ക് ചരിച്ച്‌ വെക്കുക. ശ്വാസതടസമുണ്ടാകാതിരിക്കാനാണിത്. രോഗി തറയില്‍ കിടക്കുമ്ബോള്‍ അവരുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കണം. ഒരാള്‍ തലക്ക് സമീപവും നില്‍ക്കണം.നെഞ്ചിന്റെ രണ്ട് വശങ്ങള്‍ക്കിടയിലുള്ള മധ്യഭാഗത്ത് വേണം കൈകൊണ്ട് ശക്തിയായി അമര്‍ത്താന്‍. നെഞ്ചിലെ മധ്യ ജോയിന്റ് അസ്ഥിയായ സ്റ്റെര്‍നത്തിന്റെ താഴത്തെ ഭാഗത്ത് സമ്മര്‍ദ്ദം ചെലുത്തി വേണം ഇതുചെയ്യാന്‍.



നെഞ്ചിന്റെ ഇടതുവശത്ത് കൈ അമര്‍ത്താന്‍ ഒരിക്കലും ശ്രമിക്കരുത്. കൂടുതല്‍ ബലം പ്രയോഗിച്ച്‌ കൈ അമര്‍ത്തുന്നത് ഈ ഭാഗത്തെ വാരിയെല്ലുകള്‍ പൊട്ടാന്‍ ഇടയാക്കും. സിപിആര്‍ ചെയ്യാനിരിക്കുമ്ബോള്‍ നിവര്‍ന്നു തന്നെയിരിക്കണം. ഒരു കൈപ്പത്തി മറ്റേ കൈപ്പത്തിയിയുടെ മുകളിലായിരിക്കണം. ഒരു കൈപ്പത്തി രോഗിയുടെ നെഞ്ചിനു മുകളില്‍ കമഴ്ത്തി വെക്കുക. ഇതിന് മുകളില്‍ അടുത്ത കൈവിരലുകള്‍ വെച്ച്‌ അമര്‍ത്തിക്കൊടുക്കുക.

കൈമുട്ടുകള്‍ വളയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈമുട്ടുകള്‍ വളച്ചാല്‍ ഒരിക്കലും അസ്ഥി താഴേക്ക് തള്ളാനും ശരിയായ രീതിയില്‍ സിപിആര്‍ നല്‍കാനും കഴിയില്ല. എല്ലിനെ 5 സെന്റിമീറ്ററില്‍ കൂടുതലോ രണ്ടര ഇഞ്ചില്‍ കൂടുതലോ അമര്‍ത്തരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം. അധികം ബലംപ്രയോഗിക്കാനോ ഒരുപാട് പതുക്കെയാക്കാനോ ശ്രമിക്കരുത്. ഇങ്ങനെ മുപ്പതോളം തവണ ചെയ്ത ശേഷം രോഗിയുടെ ശ്വാസം പരിശോധിക്കുക


കൃത്രിമശ്വാസം

മുപ്പത് തവണ സിപിആര്‍ നല്‍കിയിട്ടും ശ്വസനത്തില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ കൃത്രിമശ്വാസം നല്കുന്നതിലേക്ക് കടക്കാം. അത് മറ്റൊരാള്‍ ചെയ്യുന്നതാണ് നല്ലത്. ഒരാള്‍ സിപിആര്‍ തുടരുമ്ബോള്‍ മറ്റൊരാള്‍ കൃത്രിമശ്വാസം നല്‍കുക. വായയുടെ ചുറ്റും കര്‍ചീഫ് വെച്ചോ മറ്റോ ഉള്ളിലേക്ക് ഊതിക്കൊടുക്കാം. രോഗിയുടെ മൂക്കില്‍ പിടിച്ച്‌ താടി ഉയര്‍ത്തി വേണം ഇതുചെയ്യാന്‍. കൃത്രിമശ്വാസം കൊടുക്കുമ്ബോള്‍ വായു പുറത്തേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ശ്വാസവും രണ്ടുസെക്കന്‍ഡ് സമയദൈര്‍ഘ്യത്തിലൂടെ വേണം നല്‍കാന്‍.

സിപിആറിനെ കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടെങ്കിലും കൃത്യമായി നല്‍കാന്‍ കഴിയുമെങ്കിലും ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കും. ഇത് സംബന്ധിച്ച്‌ ബോധവത്കരണം നേടേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സിപിആറിനെ കുറിച്ച്‌ ക്‌ളാസുകള്‍ എടുക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post