വെള്ളച്ചാട്ടത്തിലേക്ക് ട്രക്കിങ്ങിനു പോയ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി.



ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ

തൂവാനം വെള്ളച്ചാട്ടത്തിലേക്ക്

ട്രക്കിങ്ങിനു പോയ യുവാവിനെ

ഒഴുക്കിൽപെട്ട് കാണാതായി. മൂന്നാർ

സന്ദർശിച്ച ശേഷം മറയൂരിലെ ചിന്നാർ

വന്യജീവി സങ്കേതത്തിനുള്ളിലെ

തൂവാനം വെള്ളച്ചാട്ടം കാണാൻ പോയ

കോയമ്പത്തൂരിൽ നിന്ന് എത്തിയ 40

പേർ അടങ്ങുന്ന സംഘത്തിൽപെട്ട

തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ

അമ്പത്തൂർ പുതുതെരുവ് സ്വദേശി

വിശാലിനെയാണ് (27) വെള്ളച്ചാട്ടത്തിന്

സമീപത്തെ ആറ്റിൽ കാണാതായത്.

ഇന്നലെ രാവിലെ

പതിനൊന്നരയോടെയാണ് വിശാൽ

ഉൾപ്പെടെയുള്ള സംഘം ടൂർ ഓപ്പറേറ്റർ

മുഖേന ആലാംപെട്ടി ഇക്കോ

ഡവലപ്മെന്റ് കമ്മിറ്റി ഓഫിസിലെത്തി

തൂവാനം വെള്ളച്ചാട്ടം കാണാൻ ട്രക്കിങ്

തുടങ്ങിയത്. കാടിനുള്ളിലൂടെ 2

മണിക്കൂർ നടന്ന് വെള്ളച്ചാട്ടത്തിൽ

എത്തി പുഴയിൽ കുളിച്ച ശേഷം ഇവർ

മടങ്ങാൻ തുടങ്ങുന്ന സമയത്താണ്

വിശാൽ ഒഴുക്കിൽപെട്ടത്. 

40 പേർ അടങ്ങുന്ന സംഘത്തോടൊപ്പം 4

ട്രൈബൽ ട്രക്കർമാരും ഉണ്ടായിരുന്നു.

ഇവർ ഉടൻ തന്നെ പുഴയിൽ തിരച്ചിൽ

നടത്തിയെങ്കിലും വിശാലിനെ

കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്

വിവരം അറിയിച്ചതനുസരിച്ച് എത്തിയ

മറയൂർ പൊലീസും മൂന്നാറിൽ നിന്നുള്ള

അഗ്നിരക്ഷാ സേനാംഗങ്ങളും

വനപാലകരും ചേർന്ന് പ്രദേശത്ത്

തിരച്ചിൽ നടത്തിയെങ്കിലും

ഫലമുണ്ടായില്ല.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ

തുടർന്നുണ്ടായ ശക്തമായ നീരൊഴുക്കും

തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.

കാടിനുള്ളിൽ ആയതിനാലും നേരം

ഇരുട്ടിയതിനാലും ഇന്നലെ വൈകിട്ടോടെ

സംഘം തിരച്ചിൽ അവസാനിപ്പിച്ചു.

ഇന്ന് വീണ്ടും തിരച്ചിൽ തുടരുകയാണ്.

കാണാതായ

വിശാൽ കോയമ്പത്തൂരിലെ സ്വകാര്യ

കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

Post a Comment

Previous Post Next Post