മുങ്ങിത്താണ 11കാരനെ പ്ലാസ്റ്റിക് കുപ്പികള്‍ അരയില്‍ കെട്ടി രക്ഷിച്ച്‌ എട്ടുവയസ്സുകാരന്‍



മുളിയാര്‍ (കാസര്‍കോട്): മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന തന്നേക്കാള്‍ പ്രായമുള്ള സുഹൃത്തിനെ രക്ഷപ്പെടുത്തി എട്ടുവയസ്സുകാരന്‍.

കുളിക്കുന്നതിനിടെ പയസ്വിനി പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന 11കാരനെയാണ് എട്ടുവയസ്സുകാരനായ ഹിബത്തുല്ല രക്ഷപ്പെടുത്തിയത്.


ചൊവ്വാഴ്ച വൈകീട്ട് പയസ്വിനി പുഴയുടെ നെയ്പാറ ഭാഗത്ത് ഹിബത്തുല്ലയും രണ്ടു കൂട്ടുകാരും കുളിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ഹിബത്തുല്ലക്ക് നീന്തല്‍ പൂര്‍ണമായും വശമില്ല. പ്ലാസ്റ്റിക് കുപ്പി കെട്ടി വെള്ളത്തില്‍ പൊങ്ങിനിന്നാണ് നീന്തുന്നത്. ഹിബത്തുല്ലയും ഒരു കൂട്ടുകാരനും പുഴയുടെ ഇക്കരയിലും അപകടത്തില്‍പെട്ട കുട്ടി ഏതാണ്ട് നടുഭാഗത്തുമായിരുന്നു കുളിക്കാന്‍ ഇറങ്ങിയത്. അക്കരെയുള്ളവന്‍ അപകടത്തില്‍പെട്ടതായി ശ്രദ്ധയില്‍പെട്ടതോടെ ഹിബത്തുല്ല അരയില്‍ കുപ്പികള്‍ ഉറപ്പിച്ചുനിര്‍ത്തി അപകടത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ നീന്തിയെത്തുകയായിരുന്നു. എത്തിയ ഉടനെ അവനെ അധികം സ്പര്‍ശിക്കാതെ തള്ളി, തള്ളി കരയോടടുപ്പിച്ചു. 


മുങ്ങിത്താഴുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്ബോള്‍ അവര്‍ക്ക് പിടികൊടുക്കരുതെന്ന് ക്ലാസില്‍നിന്നു ലഭിച്ച പാഠവും ഹിബത്തുല്ല അനുഭവമാക്കി. ആത്മധൈര്യത്തോടെ അതിസാഹസികമായി സുഹൃത്തിനെ രക്ഷപ്പെടുത്തി നാടിന്റെ അഭിമാനമായ മുഹമ്മദ് ഹിബത്തുല്ല, ഇബ്രാഹീം നഈമി-ബുഷ്റ ദമ്ബതികളുടെ മകനാണ്.സര്‍ സയ്യിദ് എല്‍.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Post a Comment

Previous Post Next Post