നിയന്ത്രണം വിട്ട ഓടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 3 പേര്‍ക്ക് പരുക്കേറ്റു



മംഗ്ളുറു   നിയന്ത്രണം വിട്ട ഓടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

മംഗ്ളുറു കക്കിഞ്ഞെ ചിബിദ്രെ കത്താരിഗുഡ്ഡെ സ്വദേശിനി സഫിയ (57) ആണ് മരിച്ചത്. മറിയം (23), മുഹമ്മദ് അശ്റഫ് (35), ഓടോറിക്ഷ ഡ്രൈവര്‍ അബൂബകര്‍ സിദ്ദീഖ് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബെല്‍തങ്ങാടി കാപ്പ് ചദവിനടുത്ത് മൃത്യുഞ്ജയ പുഴയിലേക്കാണ് ഓടോറിക്ഷ മറിഞ്ഞത്.


സഫിയയും കുടുംബവും ഖാജൂരിലെ ഉറൂസ് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുഴയ്ക്ക് സമീപം ചുറ്റുവേലി ഉണ്ടായിരുന്നില്ല. ഓടോറിക്ഷ റോഡില്‍ നിന്ന് മറിഞ്ഞപ്പോള്‍ സഫിയ ഒഴികെയുള്ളവര്‍ കരയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തെറിച്ചുവീണിരുന്നു. എന്നാല്‍ സഫിയയും ഓടോറിക്ഷയും പുഴയില്‍ മുങ്ങുകയായിരുന്നു.

അപകടവിവരം അറിഞ്ഞെത്തിയ പ്രദേശവാസികള്‍ പുഴയില്‍ ഇറങ്ങി സഫിയയുടെ മൃതദേഹം പുറത്തെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ച്‌ ബെല്‍തങ്ങാടി ട്രാഫിക് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതേ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

Post a Comment

Previous Post Next Post