കൊല്ലം അഞ്ചല്‍ : മലയോര ഹൈവേയില്‍ ഏരൂര്‍ പത്തടിയില്‍ സ്വകാര്യ ബസ് നിര്‍ത്തുന്നതിന് മുന്പ് ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മക്ക് ദാരുണാന്ത്യം.
പത്തടി തനൂജ മന്‍സിലില്‍ ഷഹനാബത്ത് (54) ആണ് മരിച്ചത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹനാബത്തിനെ ഭാരതീപുരം ഭാഗത്തേക്ക് പട്രോളിംഗിനായി പോവുകയായിരുന്ന ഏരൂര്‍ എസ്‌ഐ ശരലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോലീസ് ജീപ്പില്‍ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പുനലൂര്‍ -കുളത്തുപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എജെടി ബസാണ് അപകടത്തില്‍പ്പെട്ടത്.
തോട്ടംമുക്കില്‍ മകളുടെ വീട്ടില്‍ പോയി ബസില്‍ മടങ്ങിവരികയായിരുന്ന ഷഹനാബത്ത് പത്തടി എത്തിയപ്പോള്‍ ഇറങ്ങണം എന്ന് ആവശ്യപ്പെടുകയും ഈ സമയം ബസ് വേഗത കുറയ്ക്കുന്നതിനിടെ ബസ് നിര്‍ത്തിയതാകാം എന്ന് തെറ്റിദ്ധരിച്ചു ബസില്‍ നിന്നും ചാടി ഇറങ്ങുകയുമായിരുന്നുവെന്ന് സഹയാത്രികര്‍ പറഞ്ഞു.
ബസിന്‍റെ ടയറില്‍ തല ഇടിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഏരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
