മലപ്പുറം കോട്ടയ്ക്കൽ:ദേശീയപാത പുത്തനത്താണി കോഴിക്കോട് റോഡിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്.തിങ്കളാഴ്ച പുലർച്ച 3 മണിയോടെയാണ് സംഭവം. കണ്ണൂർ പയ്യന്നൂരിൽ നിന്നും കട്ടപ്പനയിലേയ്ക്ക് കാറിൽ സഞ്ചരിച്ച അഞ്ചംഗ കുടുംബത്തിന്റെ കാറും ദേശീയപാത നിർമ്മാണ പ്രവൃത്തികളിൽ ഏർപ്പെട്ട കെ എൻ ആർ കൺസ്ട്രഷന്റെ ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
പയ്യന്നൂർ പടിയോട്ടുചാൽ തൊണ്ടിയിൽ വീട്ടിൽ ജയ്സൺ സാമുവൽ, ഭാര്യ പ്രീത, നാലും ആറും വയസ്സുള്ള രണ്ടു മക്കൾ, ഭാര്യാ മാതാവായ ഏലിയാമ്മ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഏലിയാമ്മയെ സ്വദേശമായ കട്ടപ്പനയിലേയ്ക്ക് തിരികെ കൊണ്ടുവിടും വഴിയായിരുന്നു അപകടം.
സംഭവത്തിൽ ഏലിയാമ്മയുടെ വലതുകാലിലെയും കൈവിരലിലേയും എല്ലുകൾക്ക് പൊട്ടലുണ്ട്. 6 വയസ്സുകാരനായ ജെറിൻ എന്ന കുട്ടിയ്ക്ക് തലയ്ക്കും പരുക്കേറ്റു. ജയ്സൺന്റെ ഭാര്യ പ്രീതയ്ക്ക് കണ്ണിനു പരുക്കേൽക്കുകയും പുറത്ത് ഏഴു സ്റ്റിച്ചുമുണ്ട്. ഇവർ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിൻ 5 മീറ്ററോളം ദൂരേയ്ക്ക് തെറിച്ചു വീഴുകയും ചെയ്തു.
