ആലപ്പുഴ ചേര്‍ത്തല: കതിന പൊട്ടിത്തെറിച്ച് വീണ്ടും അപകടം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പറയെടുപ്പിനായി തയ്യാറാക്കിയ കതിന പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.
ഒരാളുടെ നില ഗുരുതരമാണ്. അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രത്തില്‍ ഇന്ന് രാവിലെ ഏഴര മണിയോടെയാണ് സംഭവം.
അര്‍ത്തുങ്കല്‍ ചെത്തികിഴക്കേവെളി വീട്ടില്‍ അശോകന്‍ (46), ചേന്നവേലി പുളിക്കല്‍ച്ചിറ വീട്ടില്‍ പ്രകാശന്‍ (52) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. രാവിലെ ക്ഷേത്രത്തിലെ പറയെടുപ്പിനായി രണ്ടു കതിന കുറ്റികള്‍ നിറക്കുന്നതിനിടയാണ് പൊട്ടിത്തെറിച്ചത്. ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി അപകടത്തില്‍പ്പെട്ടവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
