കൊല്ലം ചാത്തന്നൂര്‍: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം.
കല്ലുവാതുക്കല്‍ പ്രേം ഹൗസില്‍ ഉല്ലാസിന്‍റെ ഭാര്യ ബിന്ദുകുമാരി(43) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവായ ബിന്ദു പരിക്കുകളോടെ രക്ഷപെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊല്ലം- തിരുവനന്തപുരം ദേശീയപാതയില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന ശീമാട്ടി ജംഗഷനില്‍ ആണ് അപകടം ഉണ്ടായത്. റോഡ് നിര്‍മാണം നടക്കുന്നത്തിനാല്‍ വണ്‍വേ ട്രാഫിക്കില്‍ ട്രാഫിക് നിയന്ത്രണം ഉള്ള ഇവിടെ ഒരേ ദിശയില്‍ വന്ന കെഎസ്‌ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് സ്റ്റോപ്പില്‍ ആളിനെ ഇറക്കിയ ശേഷം റോഡിലേക്ക് എടുത്തപ്പോള്‍ സ്കൂട്ടറിന്‍റെ ഹാന്‍റിലില്‍ തട്ടി സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യാത്രക്കാരി റോഡില്‍ തെറിച്ചുവീണു. റോഡില്‍ വീണ ഇവരുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെ അറിയിച്ചുവെങ്കിലും പൊലീസ് എത്താന്‍ വൈകിയതും ആംബുലന്‍സ് എത്താന്‍ വൈകിയതും മൂലം മൃതദേഹം മുക്കാല്‍ മണിക്കൂര്‍ റോഡില്‍ കിടന്നു.
ഫയര്‍ഫോഴ്സും ആംബുലന്‍സും സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍, ചാത്തന്നൂര്‍ പൊലീസ് കേസെടുത്തു. മകള്‍: വിസ്മയ.
