ഇടുക്കി: ഏലതോട്ടത്തിലെ കുളത്തില്‍ വീണ് മുന്‍ ബാങ്ക് ജീവനക്കാരന്‍ മരിച്ചു. വള്ളക്കടവ് കുമ്ബുങ്കല്‍ കെ.സി. മാത്യു(ടോമി -63) യാണ് മരിച്ചത്.
കട്ടപ്പനയില്‍ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഏലതോട്ടത്തില്‍ പോയി തിരികെ വരേണ്ട സമയം കഴിഞ്ഞും കാണാതായതിനെത്തുടര്‍ന്ന് മകന്‍ തോട്ടത്തിലെത്തി അന്വേഷിച്ചപ്പോഴാണ് മത്തായിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടത്. കട്ടപ്പന പാറക്കടവില്‍ ടോമി പാട്ടത്തിനെടുത്ത ഏലതോട്ടത്തിലെ കുളത്തിലാണ് മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന്, നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കാല്‍ വഴുതി കുളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു മരിച്ച ടോമി. സെലിനാണ് ഭാര്യ. മനു, ജിനു, ബിനു എന്നിവരാണ് മക്കള്‍.
