പാചകവാതകം ചോര്‍ന്നു; അടൂരില്‍ വീടിനു തീപിടിച്ചു അടൂരില്‍ പാചകവാതകം ചോര്‍ന്ന് വീടിന് തീ പിടിച്ചു. പള്ളിക്കല്‍ ഊന്നുകല്‍ കല്ലായില്‍ രതീഷിന്‍റെ വീട്ടിലാണ് രാവിലെ ഏഴ് മണിക്ക് തീപിടിത്തമുണ്ടായത്.

അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് വാതകം മുറിയില്‍ നിറയുകയും വിറകടുപ്പില്‍ നിന്ന് ഇതിന് തീ പിടിക്കുകയുമായിരുന്നു. വീട്ടുക്കാര്‍ അമ്ബലത്തില്‍ പോയതിനാല്‍ വീട്ടില്‍ നിന്നും വലിയ പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് അടൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചത്. 


ഇതിനിടെ അടച്ചിട്ട മുറിയില്‍ ചൂട് കൂടിയതോടെ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകള്‍ പുറത്തേക്ക് പൊട്ടിതെറിച്ചു. വീടിനടുത്ത് തടിച്ചു കൂടിയിരുന്ന ആളുകള്‍ക്കിടയിലേക്ക് ഗ്ലാസ് കഷ്ണങ്ങള്‍ തെറിച്ച്‌ അയല്‍വാസിയായ പണയില്‍ വാഴപ്പള്ളില്‍ വടക്കേതില്‍ ഭാനുവിന് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തീപിടിച്ച വീടിന്റെ വാതിലുകള്‍ ഇരുമ്ബ് പട്ട ഉപയോഗിച്ച്‌ പൂട്ടിയതിനാല്‍ അഗ്നിരക്ഷാസേനയ്ക്ക് വീടിനകത്തേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ മടങ്ങിയെത്തി താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറക്കുകയായിരുന്നു. ശേഷം വീടിനകത്തുണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകളും അഗ്നിരക്ഷാസേന പുറത്തേക്ക് മാറ്റിവെച്ചു. അടുക്കളയില്‍ ഉണ്ടായിരുന്ന ഫ്രിഡ്ജ് അടക്കമുള്ള വൈദ്യുത ഉപകരണങ്ങള്‍, ഗ്യാസ് അടുപ്പ്, പാത്രങ്ങള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചിരുന്നു.

Post a Comment

Previous Post Next Post