സിപിഎം ബ്രാഞ്ച് സെക്രടറിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി കാസർകോട്  നീലേശ്വരം:  സിപിഎം ബ്രാഞ്ച് സെക്രടറിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

കൊയാമ്ബുറം ബ്രാഞ്ച് സെക്രടറിയും ഡിവൈഎഫ്‌ഐ നീലേശ്വരം മേഖലാ ജോയിന്റ് സെക്രടറിയുമായ പിയേഷ് (32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പതിവായി കിടന്നുറങ്ങാറുള്ള പഴയവീട്ടിലേക്ക് പോയതായിരുന്നു പിയേഷ്. വ്യാഴാഴ്ച രാവിലെ ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് വീടിന്റെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന പിയേഷിന്റെ അപ്രതീക്ഷിത മരണം നാടിന് കണ്ണീരായി. മരണകാരണം വ്യക്തമല്ല. അറിയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കബഡിതാരം കൂടിയാണ് പിയേഷ്. പാര്‍ടി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവവും നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പിയേഷ് കോവിഡ് കാലത്ത് വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പെടെ എത്തിച്ച്‌ നല്‍കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ബുധനാഴ്ച രാത്രിവരെ പ്രിയേഷ് എല്ലാ ഏര്‍പാടുകളും ചെയ്തുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്. കൊയാമ്ബുറത്തെ പരേതനായ ബാലന്‍ - ജാനകി ദമ്ബതികളുടെ മകനാണ് അവിവാഹിതനായ പ്രിയേഷ്.

സഹോദരങ്ങള്‍: അജിത് കുമാര്‍, അജിത. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post