റോഡ്‌ കുറുകെ കടക്കുന്നതിനിടെ ബൈക്ക്‌ ഇടിച്ച്‌ ബാലന്‍ മരിച്ചു



തൊടുപുഴ: റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ബൈക്ക്‌ ഇടിച്ച്‌ ചികിത്സയിലിരുന്ന നാലര വയസുകാരന്‍ മരിച്ചു. കുമാരമംഗലം നമ്ബൂതിരിക്കുന്നേല്‍ അനീഷിന്റെയും വിദ്യയുടെയും ഇളയമകന്‍ ധ്യാനാണ്‌ മരിച്ചത്‌

വിഷുദിനമായ 15ന്‌ വൈകിട്ട്‌ ആറരയോടെ കോതമംഗലം വെണ്ടുവഴിയില്‍ വിദ്യയുടെ അമ്മാവന്റെ വീടിനു മുന്നിലെ റോഡിലായിരുന്നു അപകടം. വീട്ടുമുറ്റത്ത്‌ കളിക്കുകയായിരുന്ന കുട്ടി റോഡിന്‌ എതിര്‍വശത്തുനിന്ന അമ്മയുടെ അടുത്തേക്ക്‌ ഓടിയപ്പോള്‍ ബൈക്ക്‌ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.45ന്‌ മരിച്ചു. 

കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കുമാരമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കാര്‍ത്തിക്‌ (എട്ട്‌) ഏക സഹോദരനാണ്‌. തൊടുപുഴ ടി.വി.എസ്‌. ഷോറൂം സര്‍വീസിങ്‌ സൂപ്പര്‍വൈസറാണ്‌ പിതാവ്‌ അനീഷ്‌. പുറപ്പുഴ കമലാഭവന്‍ കുടുംബാംഗമായ മാതാവ്‌ വിദ്യ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ അസിസ്‌റ്റന്റ്‌ മാനേജരാണ്‌.

Post a Comment

Previous Post Next Post