കുളമാവ് അണക്കെട്ടിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു; മൂന്ന് പേർ അപകടത്തിൽപ്പെട്ടു, രണ്ടുപേരെ രക്ഷപെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു.



 ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് അണക്കെട്ടിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞു. മൂന്ന് പേർ സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേരെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കുളമാവ് സ്വദേശികളായ അതീഷ്, ബാബു കുട്ടൻ, ദിവാകരൻ എന്നിവർ സഞ്ചരിച്ചിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അതീഷ്, ബാബു കുട്ടൻ എന്നിവരെ കരയ്ക്ക് നിന്നിരുന്ന മുത്തിയുരുണ്ടയാർ സ്വദേശികളായ തച്ചിലേടത്ത് നോബിൾ, ചാണ്ടി എന്നിവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ കോഴിപ്പിള്ളി സ്വദേശി വല്യവീട്ടിൽ ദിവാകരനെ അപകടത്തെ തുടർന്ന് കാണാതാവുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെയും കുളമാവ് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കുളമാവ് പോലീസിന്റെയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ദിവാകരനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post