ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചു; ഭാര്യ മരിച്ചു


കാസർകോട്  ഉപ്പള: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മംഗളൂരു കൊട്ടാര ചൗക്കിയിലെ നളിനാക്ഷി (65) ആണ് മരിച്ചത്. ഭര്‍ത്താവ് പ്രഭാകരന് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലര മണിയോടെ ഉപ്പള ദേശീയപാതയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം. കാസര്‍കോട്ട് ഒരു ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുത്ത് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന വാഹനം ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നളിനാക്ഷിയെ മംഗളൂരു ആസ്പത്രിക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇടിച്ചത് പിക്കപ്പ് വാന്‍ എന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. വാഹനം കണ്ടെത്താന്‍ റോഡരികിലെ വീടുകളിലെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നു. നിരഞ്ജന്‍, ഭരത്, ലാവണ്യ എന്നിവരാണ് മരിച്ച നളിനാക്ഷിയുടെ മക്കള്‍.

Post a Comment

Previous Post Next Post