തൃശ്ശൂർ പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറയിൽ മിനി ബസ്സിന് പുറകിൽ ചരക്ക് ലോറി ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 സ്ത്രീകളും അഞ്ചു പുരുഷന്മാരും രണ്ടു കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ തിരുപ്പൂരിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വഴുക്കുംപാറയിൽ നിർത്തിയ ഇവരുടെ മിനി ബസിന് പുറകിൽ പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. ബസ്സിൽ ഇടിച്ച ലോറി 200 മീറ്ററോളം സർവീസ് റോഡിലൂടെ മുന്നോട്ടു പോയി സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടിച്ചാണ് നിന്നത്. സൾഫർ കയറ്റി വരികയായിരുന്നു ലോറി. മണ്ണുത്തി ഹൈവേ പോലീസും, പീച്ചി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.