ലോറി ഇടിച്ച്‌ ട്രാന്‍സ്ഫോര്‍മറും ഇലക്‌്്ട്രിക് പോസ്റ്റുകളും ബൈക്കുകളും തകര്‍ന്നു



കൊയിലാണ്ടി: ദേശീയപാത വികസന കരാര്‍ എടുത്ത വഗാഡിന്‍റെ ലോറി ട്രാന്‍സ്ഫോര്‍മറും ഇലക്‌ട്രിക് പോസ്റ്റുകളും ഇടിച്ച്‌ തകര്‍ത്തു.

3 പേര്‍ക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി മുത്താമ്ബി റോഡിലെ അണ്ടര്‍പ്പാസിന് സമീപം കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. 6 ബൈക്കുകളും തകര്‍ന്നിട്ടുണ്ട്. 

അണ്ടര്‍പ്പാസിന്‍റെ തെക്ക് ഭാഗത്ത് നിന്ന് വന്ന ലോറി ആദ്യം ട്രാന്‍സ്ഫോര്‍മര്‍ ഇടിച്ചിട്ടതിന്ശേഷം നിര്‍ത്താതെ പോകുകയും തയ്യില്‍ മുക്ക് വരെയുള്ള 10 ഓളം ഇലക്ടിക് പോസ്റ്റുകള്‍ വലിച്ച്‌ കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ അത് വഴി പോകുകയായിരുന്ന 3 ബൈക്ക് യാത്രക്കാര്‍ പോസ്റ്റിനും ലൈനുകള്‍ക്കും ഇടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു. 

ഇവരെ പോലീസ് എത്തിയശേഷമാണ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ലോറി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

പിറകെ വന്ന വഗാഡിന്‍റെ മറ്റ് ലോറികളിലെ ഡ്രൈവര്‍മാരും മദ്യപിച്ച്‌ വാഹനംഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കെഎസ്‌ഇബി അധികൃതരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണ്‍ ഏറെനേരം എടുക്കാതായെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. വിവരമറിയിച്ചിട്ടും കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്താന്‍ വൈകിയതും നാട്ടുകാരില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പിന്നീട് നാട്ടുകാര്‍ പരിചയമുള്ള ഒരു കെഎസ്‌ഇബി ജീവനക്കാരനെ വിവരമറിയിച്ചതിന്ശേഷമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

കൊയിലാണ്ടിയില്‍ നിന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും എത്തിയിരുന്നു. ലോറി ഡ്രൈവര്‍

ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തിറങ്ങി ഡ്രൈവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ലോറിക്ക് മീതെ പോസ്റ്റും ലൈനും കുടുങ്ങിയിട്ടും ലോറി ഇതെല്ലാ കെട്ടിവലിച്ച്‌ സമീപത്തെ വീടുകളുടെ മതിലുകള്‍ തകര്‍ത്ത് ഏറെ നേരം മുന്നോട്ട് പോയതായി നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post