പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു കാഞ്ഞങ്ങാട്: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു. കളിസ്ഥലത്തോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. കിണറ്റിൽ തലയിടിച്ച് വീണ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post