ഇടുക്കി. മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ് കുമാർ പി, ബിജു കെ എസ് എന്നിവരാണ് മരിച്ചത്.
മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. കുടുംബസമേതം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണ് സന്തോഷും, ബിജുവും. എന്നാൽ കുട്ടികൾ പുഴയരികിലേക്ക് രക്ഷപ്പെട്ട് കയറിയെങ്കിലും സന്തോഷും, ബിജുവും ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സുമെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
