തൃശൂർ– കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ബംഗ്ലാവ് ജംക്‌ഷന് സമീപം ബസും കാറും കൂട്ടിയിടിച്ചു. തൃശൂർ ഭാഗത്ത് നിന്ന് വന്ന കാറും ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് എത്തിയ ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ബംഗ്ലാവ് ജംക്‌ഷന് സമീപം സ്ഥിരം അപകടം നടക്കുന്ന വളവിലാണ് അപകടം നടന്നത്.
അപകടത്തിൽ 11 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ കാർ യാത്രക്കാരായ തൃശൂർ മൈലിപ്പാടം വലിയവീട്ടിൽ ഡോ.ബേബി (40), മണ്ണുത്തി ചേറൂക്കാരൻ വീട്ടിൽ മോനിഷ് (35) എന്നിവരെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 9 പേർക്കും പരുക്കേറ്റു.
അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനപാതയിൽ ദിനം പ്രതി അപകടങ്ങൾ വർധിക്കുമ്പോഴും അധികൃതർ നിസ്സംഗത തുടരുന്നതിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.