ചെങ്ങന്നൂർ: നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത്. ജീവനക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. 500 കിലോയോളം ബ്ലീച്ചിംഗ് പൗഡറാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒരു അഗ്നിശമനസേന ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല ഫയർ സ്റ്റേഷനിലെ പ്രദീപ് എന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനാണ് കണ്ണിന് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
