മഞ്ചേരിയിൽ അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാന്‍ അമ്മയും ചാടി; അഗ്നിരക്ഷാ സേന എത്തി ഇരുവരെയും രക്ഷപ്പെടുത്തി



മഞ്ചേരി: അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61 കാരിയായ മാതാവും ചാടി. കിണറ്റില്‍ നിന്നു കയറാനാകാതെ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

ഇന്നലെ രാവിലെ ഒന്പതു മണിയോടെയാണ് സംഭവം.


മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്‍റെ ഉടമസ്ഥതയിലുള്ള കിണറിലേക്കാണ് 30 കാരിയായ നിഷ വീണത്. 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിറകെ ചാടുകയായിരുന്നു. 


തിരികെ കയറാനാകാതെ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 


തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി അഗ്നിരക്ഷാ നിലയത്തില്‍ നിന്നു സ്റ്റേഷൻ ഓഫീസര്‍ പ്രദീപ് പാന്പലത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്‍റെ സഹായത്തോടെ ഫയര്‍ ആൻഡ് റെസ്ക്യൂ

ഓഫീസര്‍ കെ.സി. കൃഷ്ണകുമാര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. 


സേനാംഗങ്ങളായ അബ്ദുള്‍ കരീം, എം. അനൂപ്, മെഹബൂബ് റഹ്മാൻ, എം. സജീഷ്, പി. സുരേഷ്, ഗണേഷ്കുമാര്‍, ബിനീഷ് എന്നിവരും പങ്കാളികളായി.


അമ്മയെയും മകളെയും അഗ്നിരക്ഷാ സേനയുടെ ആംബുലൻസില്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post