ആലുവ: ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട മിനിവാൻ ആദ്യം ഒരു ഇരുചക്ര വാഹനത്തിലും എതിരേ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ പിന്നിലിടിച്ച് മറിഞ്ഞു.
അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്.
ഇന്നലെ വൈകിട്ട് അഞ്ചോടെ ആലുവ - പെരുമ്ബാവൂര്‍ ദേശസാത്കൃത റോഡില്‍ മഹിളാലയം കവലയ്ക്ക് സമീപമാണ് അപകടം. ആലുവ ഭാഗത്തുനിന്നും വന്ന ഇരുചക്ര വാഹനം വലതുവശത്തെ ഐ ക്ലിനിക്കിലേക്ക് പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും വന്ന പാര്‍സല്‍ കമ്ബനിയുടെ മിനിവാൻ അപകടത്തില്‍പ്പെടുകയായിരുന്നു.
ആദ്യത്തെ ഇരുചക്ര വാഹനത്തിലും എതിര്‍ദിശയില്‍ നിന്നും വന്ന മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ച ശേഷം ഐ ക്ലിനിക്കിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ പിന്നില്‍ ഇടിച്ചാണ് വാൻ മറിഞ്ഞത്. രണ്ടാമത് ഇടിച്ച ഇരുചക്ര വാഹനയാത്രികരൻ മറിഞ്ഞ ലോറിയുടെ അടിയില്‍പ്പെട്ടു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
പാഴ്‌സല്‍ ലോറി ഓടിച്ചിരുന്നത് അത്താണി സ്വദേശി ഷിബുവാണ്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് കുറേസമയം ആലുവ പെരുമ്ബാവൂര്‍ റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. പിന്നീട് വൈകിട്ട് ആറോടെ ക്രെയിൻ ഉപയോഗിച്ച് വാഹനം പൊക്കി മാറ്റിയതിനുശേഷമാണ് ഗതാഗതം പഴയ നിലയിലായത്.
