കോഴിക്കോട്: കൊയിലാണ്ടിയിൽ യുവാവിനെ കടലിൽ കാണാതായി. വലിയമങ്ങാട് കടപ്പുറത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. വലിയമങ്ങാട് പുതിയപുരയിൽ അനൂപ് (36) നെയാണ് കാണാതായത്. കടൽത്തീരത്ത് നിൽക്കവേ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തിരമാല ശക്തമായതുകാരണം സാധിച്ചില്ല.
കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രാത്രി വൈകുവോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നും തെരച്ചിൽ തുടരുന്നുണ്ട്. പരേതനായ കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ് അനൂപ്