ആക്രിക്കടയിൽ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. തൊഴിലാളിക്കു പൊള്ളലേറ്റ് പരുക്ക്. വൈകിട്ട് 6.45നു കോട്ടയം– എറണാകുളം റോഡരികിൽ ആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപത്തെ ആക്രിക്കടയിലാണ് അപകടം. ഈ സമയം ഒട്ടേറെ തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു.ഇവർ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. 10 സിഎൻജി സിലിണ്ടറുകളാണ് കാറു പൊളിച്ച് ഇവിടെ കൂട്ടിയിട്ടിരുന്നത്. ബിഹാർ സ്വദേശി ഗോവിന്ദ കുമാരനാണ് (19) പരുക്കേറ്റത്. ഇയാളെ മുട്ടുചിറ എച്ച്ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവിന്ദ കുമാരൻ 5 സിലിണ്ടറുകൾ ഒരുമിച്ചു തുറന്നതോടെ കൂട്ടിമുട്ടി തീ പിടിക്കുകയും വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കടുത്തുരുത്തിയിൽ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും എത്തി. കത്തിക്കൊണ്ടിരുന്ന സിലിണ്ടറിൽ നിന്നു ഗ്യാസ് പുറത്തേക്ക് വന്നതിനാൽ അര മണിക്കൂറോളം അഗ്നിരക്ഷാ സേനയ്ക്ക് തീ അണയ്ക്കാനായില്ല.പിന്നീടാണ് വെള്ളം പമ്പു ചെയ്ത് തീ അണച്ചത്. ഗോവിന്ദ കുമാരന് കാര്യമായ പരുക്കില്ലെന്നു പൊലീസ് അറിയിച്ചു. തെങ്കാശി സ്വദേശി മാരിമുത്തുവിന്റേതാണു കട. വാഹനങ്ങൾ പൊളിച്ചു വിൽപന നടത്തുന്ന ജോലിയാണ് ഇവിടെ നടക്കുന്നത്. സുരക്ഷാ സംവിധാനം ഇല്ലാതെയാണ് ഇവിടെ തൊഴിലാളികൾ പണിയെടുക്കുന്നതെന്നു പരാതിയുണ്ട്.