മദ്യലഹരിയിൽ പെട്രോൾ പമ്പിൽ യുവാക്കളുടെ അടിപിടി; ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാൾ മരിച്ചു മറ്റു രണ്ടു പേർക്ക് പരിക്ക്

 




കൊല്ലം∙ കടയ്ക്കൽ ചിതറയിൽ പെട്രോൾ പമ്പിൽ മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരസ്പരം അടികൂടി. ഇഷ്ടികകൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. മറ്റു രണ്ടുപേരെയും പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെട്രോൾ പമ്പിൽ കാറിൽ എത്തിയ സുഹൃത്തു സംഘം തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. ഇന്റർലോക്ക് കട്ടകൊണ്ട് തലയ്ക്ക് അടിയേറ്റ ദർപ്പക്കാട് ബൈജു മൻസിലിൽ ബി.ബൈജു (സെയ്ദലി-39) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച വൈകിട്ടു 6.25നു ചിതറയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള പെട്രോൾ പമ്പില്‍ ആയിരുന്നു സംഭവം. സംഘം മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു.പെട്രോൾ അടിക്കുന്നതിനു 500 രൂപ നൽകിയതുമായി ബന്ധപ്പെട്ടു കാറിലിരുന്നുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കാറിൽ നിന്നും പുറത്തിറങ്ങി തമ്മിലടിക്കുകയായിരുന്നു. കട്ടകൊണ്ടു ബൈജുവിന്റെ തലയ്ക്കാണ് അടിയേറ്റത്. ഗുരുതരമായി പരുക്കേറ്റു രക്തം വാർന്ന ബൈജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സംഘത്തിൽ ഉണ്ടായിരുന്ന ഷാജഹാൻ, നിഹാസ് ‍ എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിച്ചു. സ്ഥലത്തു നിന്നു കാറിൽക്കടന്ന സംഘത്തിൽ ഉണ്ടായിരുന്ന ഷാൻ, ഷെഫിൻ എന്നിവരെ ഏനാത്ത് നിന്നു പൊലീസ് പിടികൂടി. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു.ബൈജു ഇട്ടിവ കോട്ടുക്കലിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്. ബൈജുവിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം തുമ്പമൺതൊടി മുസ്‌ലിം ജമാഅത്തിൽ കബറടക്കം നടത്തും. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാർ, ഇൻസ്പെക്ടർ എം.രാജേഷ് എന്നിവരാണ് അന്വേഷണം നടത്തുന്നത്. ജാസ്മിയാണ് ബൈജുവിന്റെ ഭാര്യ. മക്കൾ: സുൽത്താന ഫാത്തിമ, ഫർഹാൻ അലി, സർഹാൻ അലി.

Post a Comment

Previous Post Next Post