മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് പരിക്കുകളോടെ ഇറങ്ങിയ യുവ ഡോക്ടര്‍ പകര്‍ന്നത് സാന്ത്വന പരിചരണത്തിന്റെ ഉത്തമ മാതൃക.
ഡോ. ആലിയയാണ് ഓട്ടോറിക്ഷയിലെയും കാറിലെയും യാത്രികര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. അങ്ങാടിപ്പുറം വൈലോങ്ങരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് 11നാണ് അപകടം നടന്നത്. കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ കുത്തനെ മറിഞ്ഞു. സമീപത്തുതന്നെ ട്രാൻസ്‌ഫോര്‍മര്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ തട്ടാതെയാണ് ഓട്ടോ മറിഞ്ഞത്. കായംകുളം പുതുപ്പള്ളി സ്വദേശി ഷാജഹാൻ (53), ഭാര്യ നിഷ (47), ഇവരുടെ മകള്‍ ഡോ. ആലിയ ഹൈദര്‍ഖാൻ ഷാജഹാൻ (24) എന്നിവരായിരുന്നു ഓട്ടോയില്‍. മറിഞ്ഞതോടെ അകത്ത് കുടുങ്ങിയ ഇവരെ ഓടിക്കൂടിയവര്‍ പുറത്തെടുത്തു.
അപ്പോഴും ഓട്ടോ ഡ്രൈവര്‍ സുരേഷ് (46) മറിഞ്ഞ ഓട്ടോക്കുള്ളിലായിരുന്നു. ഇയാളെ പുറത്തെടുത്ത് ഡോ. ആലിയ സമീപത്തെ കടയില്‍ കിടത്തി പ്രാഥമിക ശുശ്രൂഷ നല്‍കി. അപ്പോഴും കാറിലുണ്ടായിരുന്ന വയോധികരായ ദമ്ബതികള്‍ അപകടത്തിന്റെ ഞെട്ടലില്‍ ഇറങ്ങാനാവാതെ കാറിലായിരുന്നു. ഡോ. ആലിയ തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ കാര്‍ ഡ്രൈവറെ പുറത്തിറക്കി പ്രാഥമിക ചികിത്സ നല്‍കിയത്. എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഈയിടെ പഠനം പൂര്‍ത്തിയാക്കി അവിടെ ജോലി ചെയ്യുന്ന മകളെ കാണാനാണ് മാതാപിതാക്കളെത്തിയത്. അങ്ങാടിപ്പുറം ടൗണിലേക്ക് വരുമ്ബോഴായിരുന്നു അപകടം. ഓട്ടോ മറിഞ്ഞ് നിന്നത് സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്‌ഫോര്‍മറിന്റെ അടുത്തായിരുന്നു തലനാരിഴക്കാണ് വലിയ അപകടമൊഴിവായത്.
