ആലപ്പുഴ: ബോട്ടിൽ നിന്നു കാൽവഴുതി ആറ്റിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി കുറിച്ചി പഞ്ചായത്ത് 16ാം വാർഡ് മലകുന്നം വാലുപറമ്പിൽ വീട്ടിൽ സനീഷിന്റെ (41) മൃതദേഹമാണു കണ്ടെത്തിയത്. ഇന്ന് രാവിലെ ആറുമണിയോടെ സംഭവ സ്ഥലത്തുനിന്നു 20 മീറ്റർ മാറി നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വിനോദയാത്രയ്ക്കിടെ ഇന്നലെ വൈകിട്ടാണു ബോട്ടിൽ നിന്നു സനീഷ് കാൽവഴുതി ആറ്റിൽ വീണത്. കുവൈറ്റിൽ നിന്ന് 10 ദിവസത്തെ അവധിക്കു നാട്ടിലെത്തിയ സനീഷ് ഇന്ന് മടങ്ങിപ്പോകാനിരിക്കെയാണ് അപകടം. നാട്ടുകാരുടെയും പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാവാലം ജങ്കാർ കടവിനു സമീപത്തു നിന്ന് ഏഴംഗ സംഘത്തോടൊപ്പമാണു സനീഷ് കായലിൽ വിനോദയാത്രയ്ക്കു പോയത്. തിരികെ വരുന്നതിനിടെ സംഭവസ്ഥലത്തെത്തിയപ്പോൾ സനീഷ് കാൽവഴുതി ആറ്റിലേക്കു വീഴുകയായിരുന്നു. വീഴുന്നതിനിടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ കയറിപ്പിടിക്കുകയും മുവരും ആറ്റിലേക്കു വീഴുകയും ചെയ്തു. സമീപവാസികൾ രണ്ടുപേരെ രക്ഷപെടുത്തി.